Home Stories തന്റെ അരികിൽ എല്ലാ രാത്രിയിലും എല്ലാ പ്രഭാതങ്ങളിലും അവനുണ്ടായിരുന്നു….

തന്റെ അരികിൽ എല്ലാ രാത്രിയിലും എല്ലാ പ്രഭാതങ്ങളിലും അവനുണ്ടായിരുന്നു….

2461
0

നീറുന്ന ഓർമ്മകൾ

രചന : Kannan Saju

ഗായത്രി കണ്ണുനീരിൽ കലങ്ങി കുതിർന്ന കണ്ണുകൾ മെല്ലെ തുറന്നു…. ഒരു ചെറു ചിരിയോടെ എന്നും കാണുന്ന മുഖം മുന്നിലില്ല…..

പോളകൾ ഒന്ന് മിന്നിക്കും മുന്നേ കണ്ണുനീർ കവിഞ്ഞൊഴുകി….. കഴിഞ്ഞ ആറു മാസ്സത്തിനിടയിൽ ഒരിക്കൽ പോലും അവിടം കാലിയായി കിടന്നിട്ടില്ല… കിടക്കുമെന്നു ഓർത്തില്ല…..

തന്റെ അരികിൽ എല്ലാ രാത്രിയിലും എല്ലാ പ്രഭാതങ്ങളിലും അവനുണ്ടായിരുന്നു…. താലിയെന്ന ചരട് കഴുത്തിൽ ചാർത്തും മുന്നേ അവൻ നൽകിയ ഓരോ വാക്കുകളും പാലിക്കപ്പെട്ടിരുന്നു… ലോകത്തു എത്ര പെണ്ണിന് അതിനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് ???? അതുകൊണ്ടാണോ ദൈവമേ അവനെ നീ നേരത്തെ വിളിച്ചത് ???? മറ്റുള്ളവരെ പോലെ നിനക്കും എന്നോട് അസൂയയാണോ ???

വിങ്ങി പൊട്ടിക്കൊണ്ടു ഗായത്രിയുടെ ഉള്ളം ചോദിച്ചു….

നെഞ്ചു കീറി പൊളിക്കുന്ന പോലെ തോന്നുന്നു കണ്ണാ…… പറഞ്ഞറിയിക്കാൻ ആവാത്ത വേദന… എന്നെങ്കിലും ഒരുനാൾ നീ എന്നെ തനിച്ചാക്കി പോവുമെന്ന് ഞാൻ കരുതിയില്ലല്ലോ…..

നമ്മുടെ കുഞ്ഞ്…. അതിനോട് ഞാൻ എന്ത് പറയും കണ്ണാ… ??? നിന്നോടത് പറയാൻ ഓടി വന്നതല്ലായിരുന്നോ ഞാൻ…. അതു പോലും കേൾക്കാൻ നിക്കാതെ പോവാൻ എന്തായിരുന്നെടാ തിടുക്കം……

കരഞ്ഞു കൊണ്ട് എന്നും കണ്ണൻ കിടന്നിരുന്ന ഭാഗത്തു ചുരുണ്ടു കൂടി അവൾ ചുംബിച്ചു… വായിൽ നിന്നും വീണ ദ്രാവകം ബെഡ്ഷീറ്റിലൂടെ ഒഴുകി…

മിണ്ടാതിരുന്ന മൂന്നു ദിവസങ്ങൾ….. ആ പിണക്കം പോലും തീർക്കാൻ എനിക്ക് നീ ഒരവസരം തന്നില്ലല്ലോ…. ഇനി നിനക്ക് ഒന്നും അറിയണ്ടല്ലോ…. പക്ഷെ ഞാൻ…. ഞാൻ എല്ലാം അനുഭവിക്കേണ്ട ??? നിനക്ക് പകരം ഈ ലോകത്തു എനിക്കെന്താടാ ഉള്ളത് ????

നിന്റെ നെഞ്ചിൽ തലവെച്ചു കിടക്കുമ്പോൾ ഉള്ള ആശ്വാസം എനിക്ക് വേറെ എവിടെയാ കണ്ണാ കിട്ടുക…. വഴക്കിടുമ്പോൾ ഒരിക്കൽ പോലും ഞാൻ ഓർത്തില്ലല്ലോടാ നീ ഒന്നും പറയാതെ എന്നെ വിട്ടു പോവുമെന്ന്….

അവൾ മെല്ലെ എഴുന്നേറ്റു…. രാത്രിയുടെ നിശബ്ദത പോലും അവളെ ഭയപ്പെടുത്തി… ഇരുട്ടിൽ ബാൽക്കണിയിൽ നിന്നും പുറത്തേക്കു നോക്കി നിക്കുമ്പോൾ പിന്നിൽ നിന്നും വന്നു പേടിപ്പിക്കാൻ അവൻ ഇനിയില്ല….

അടുക്കളയിൽ കത്തുന്ന തീയിലേക്ക് നോക്കി നിക്കുമ്പോൾ പിന്നിൽ നിന്നും ചേർന്ന് ചെവിയിൽ ഉമ്മകൾ തന്നു കൊഞ്ചിക്കാൻ ഇനി അവനില്ല….

കണ്ണുകൾ നിറഞ്ഞൊഴുകുന്ന തൊട്ടാവാടിയെ കളിയാക്കി കൊണ്ട് കെട്ടിപ്പിടിക്കാൻ ഇനി അവനില്ല….

ഈശ്വരാ…. നെഞ്ചു പിടയുന്നു… ഇനിയും എത്ര വർഷങ്ങൾ അവനില്ലാതെ ഞാൻ ജീവിക്കണം…
ഈ നിമിഷങ്ങൾ പോലും……..

ബാൽക്കണിയിൽ നിന്നും അവൾ പുറത്തേക്കു നോക്കി….. നക്ഷത്രങ്ങൾ കൂടു കൂട്ടിയിരിക്കുന്നു… കേട്ടു പഴകിയ കഥകളിലെ പോലെ നീയും ഉണ്ടോ എന്റെ കണ്ണാ അതിൽ ???

ഇവിടെ വെച്ചായിരുന്നു നീ എന്നെ ആദ്യമായി ചുംബിച്ചത്… ഈ മൂലയിൽ ഇരുന്നു കൊണ്ടാണ് നമ്മൾ ആദ്യമായി ബിയർ കുടിച്ചത്…. ഇവിടെ ആയിരുന്നു ഞാൻ ആദ്യമായി നിന്റെ മടിയിൽ തല വെച്ചു കിടന്നതു….

രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു മഴത്തുള്ളികളുടെ ശബ്ദം മന്ത്രിച്ചു…

അന്ന് പത്താം ക്ലാസ്സിൽ, ഇതുപോലൊരു മഴക്കാലത്ത് പുഴയോരത്തെ തെങ്ങിൻ തോപ്പിലൂടെ വീട്ടിലേക്കു നടക്കുമ്പോഴായിരുന്നു നീ ആദ്യമായി എന്നോട് ഇഷ്ടം പറഞ്ഞത്….

പിന്നീട് ആ തെങ്ങിൻ തോപ്പിലൂടെ നിന്റെ സൈക്കിളിനു മുന്നിൽ ഇരുന്നു നമ്മൾ ഒരുപാടു യാത്ര ചെയ്തു…. എല്ലാവരും ജീവനോടെ ഉണ്ടായിട്ടും ആരും ഇല്ലാതെ ജീവിച്ച നാളുകളിൽ നിന്റെ സാന്നിധ്യം എന്നിലെ എന്നെ ഉണർത്തി…

നിന്നിലൂടെ ഞാൻ എന്നെ അറിയുകയായിരുന്നു… നിന്റെ കാൽപാദങ്ങൾ പതിഞ്ഞ ഓരോ മണൽ തരികളെയും ഞാൻ പ്രണയിച്ചിരുന്നു…. കാരണം നീ നീയായിരുന്നു കണ്ണാ….

ഒന്നും നീ ആവശ്യപ്പെട്ടിട്ടില്ല…. എന്റെ സ്നേഹമല്ലാതെ…. എല്ലാം ഞാൻ അറിഞ്ഞു തരികയായിരുന്നു….

വീടിനും നാട്ടുകാർക്കും നമ്മളെ രണ്ടായി കാണാൻ നമ്പൂതിരിയെന്നും പുലയനെന്നും ഉള്ള വേർതിരിവുകൾ ഉണ്ടായിരുന്നു….. പക്ഷെ എനിക്ക് നീ എന്റെ കാണാനായിരുന്നു… ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന കണ്ണൻ…

വിനർശനങ്ങളും ആയുധങ്ങളും ആയി ഒരു കൂട്ടം നിരന്നു നിന്നപ്പോൾ, യോഗ്യതയില്ലെന്നു സ്വജാതീയരും വിലയെഴുതിയപ്പോൾ, കത്തിക്കും വാളിനും ഭയപ്പെടാതെ സ്നേഹിച്ച പെണ്ണിന് നൽകിയ വാക്ക്‌ പാലിച്ചവൻ…

എനിക്ക് വേണ്ടി പഠിച്ചു…. രാപ്പകൽ ഇല്ലാതെ കഷ്ട്ടപ്പെട്ടു…. ഇന്നീ കാണുന്നതെല്ലാം ഉണ്ടാക്കി…. എന്നെ ഇത്രയും സന്തോഷിപ്പിക്കുമ്പോഴും ഞാൻ അറിഞ്ഞില്ലല്ലോ കണ്ണാ ഒടുവിൽ കരയിക്കാൻ ആണെന്ന്….

ഇന്നലെ വരെ കൂടെ ഉണ്ടായിരുന്നവർ ഇന്നില്ലാതാവുന്ന അവസ്ഥ…. അത്രത്തോളം ജീവിച്ചിരിക്കുന്നവരെ കൊല്ലാതെ കൊല്ലാൻ വേറെ എന്തെങ്കിലും ഉണ്ടോ എന്റെ കണ്ണാ….

അവൾ പൊട്ടി കരഞ്ഞുകൊണ്ട് ബാൽക്കണിയിൽ ഇരുന്നു….

ഒന്നിച്ചു കഴിച്ചിരുന്ന നാരങ്ങ മിട്ടായി മുതൽ എന്നും വാരി തന്നിരുന്ന ചോറ് വരെ ഇനിയെല്ലാം ഞാൻ ഒറ്റയ്ക്ക് കഴിക്കണ്ടേ……

നിന്റെ കൈകളിൽ തലവെച്ചു കിടക്കുമ്പോൾ… നിന്റെ നെഞ്ചിൽ മുഖം ചേർത്തു കിടക്കുമ്പോൾ എന്റെ വിഷമങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല…. ഇപ്പൊ എന്റെ ഏറ്റവും വലിയ വിഷമം നീയായല്ലോ കണ്ണാ….

ഇല്ല…. എവിടേയും നിന്റെ ഓർമ്മകൾ…. എപ്പോഴും നിന്റെ ഓർമ്മകൾ…. വയ്യ… നീയില്ലാതെ വയ്യ….. മരിക്കണം…. എനിക്ക് മരിക്കണം….

അവൾ ചാടി എഴുന്നേറ്റു…. അടുക്കളയിൽ നിന്നും കത്തി എടുത്തു….

ഞാൻ വരുവാ കണ്ണാ…. ഞാൻ വരുവാ…. എനിക്ക് എനിക്ക് നിന്നെ വേണം…. ഇനി നിന്നെ എനിക്ക് തരാൻ ഒരാൾക്കേ കഴിയു മരണത്തിനു….

വയ്യ….. വയ്യ…

അവൾ കൈ മുറിച്ചു…. ചോര വാർന്നൊഴുകാൻ തുടങ്ങി….. മെല്ലെ മെല്ലെ ഗായത്രിയുടെ ബോധം നഷ്ട്ടപെട്ടു തുടങ്ങി….

കണ്ണൻ വാതിൽ തുറന്നു അകത്തേക്ക് കയറി വന്നു…. വാച്ചൂരി ടേബിളിൽ വെച്ചുകൊണ്ട് അവൻ ബാൽക്കണിയിലേക്കു നോക്കി

ഗായത്രി…. മോളേ…

അവിടെ ഗായത്രിയെ കാണാതായതോടെ കണ്ണൻ പരിഭ്രാന്തനായി…..

അടുക്കളയിലേക്കോടിയ കണ്ണൻ ചോരയിൽ കുളിച്ചു കിടക്കുന്ന ഗായത്രിയെ കണ്ടു.

ഹോസ്പിറ്റലിൽ.

സർ.. സർ…

വരാന്തയിലെ കസേരയിൽ ഇരുന്ന കണ്ണൻ തല ഉയർത്തി നോക്കി

ഡോക്ടറു വിളിക്കുന്നു …..

കണ്ണൻ അകത്തേക്ക് ചെന്നു…

ഞാൻ പറഞ്ഞിട്ടുള്ളതല്ലേ കണ്ണാ അരമണിക്കൂറിൽ കൂടുതൽ ഗായത്രിയെ മാറ്റി നിർത്തി എങ്ങും പോവരുതെന്നു…

ഡോക്ടർ അതു മരുന്ന് വാങ്ങാൻ….

കണ്ണൻ.. കാര്യങ്ങൾ കൈവിട്ടു പോവുന്ന അവസ്ഥയിൽ ആണ്… ഇനിയും വെച്ചോണ്ടിരിക്കാൻ പറ്റില്ല… നല്ല ട്രീറ്റ്മെന്റ് എടുത്തേ മതിയാവു…. അന്ന് ഗായത്രിയുടെ തലയ്ക്കു അടി കിട്ടിയതും തന്നെ കുത്തുന്നത് അവൾ കാണുന്നതും ഒപ്പമായിരുന്നു… തലക്കേറ്റ അടിയുടെ ക്ഷതം കാരണമാണ് താൻ കുറച്ചു നേരം മാറി നിക്കുമ്പോൾ അവൾക്കു ആ ദൃശ്യങ്ങൾ ഓര്മ വരുന്നതും താൻ മരിച്ചെന്നു വിശ്വസിക്കുന്നതും… ഇനിയും അവളെ കൂടെ കൊണ്ട് നടക്കാണോ ??? ആശുപത്രിയിൽ ആക്കിക്കൂടെ???

എനിക്ക് വേണ്ടി സ്വന്തവും ബന്ധവും എല്ലാം ഇട്ടെറിഞ്ഞു വന്നതല്ലേ സർ….. എനിക്കതിനു പറ്റില്ല..

ഇങ്ങനെ കഷ്ട്ടപെട്ടു ഉണ്ടാക്കിയതെല്ലാം വിറ്റു തുലച്ചു എത്ര നാൾ അവളുടെ കൂടെ തന്നെ ഇരുന്നു അവളെ നോക്കും താൻ… പ്രാക്ടിക്കൽ ആവു… ഇത്തവണ രക്ഷപെട്ടു… പക്ഷെ ഇനി ഇതിലും അപകടകാരി ആവും.. അപ്പൊ അവൾക്കു മാത്രമല്ല മറ്റുള്ളവരെയും അപകട പെടുത്താൻ സാധ്യത ഉണ്ട്….

ഡോക്ടർ…..

കണ്ണൻ ഞെട്ടി..

അതേടോ.. ഒരു മനുഷ്യൻ തനിക്കു പ്രിയപ്പെട്ടവനെ മിസ് ചെയ്യുന്നിടത്തോളം വലിയ വേദന മറ്റൊന്നും ഇല്ല ഭൂമിയില്…. അവൾക്കു ഇനി ഒരിക്കലും പഴയ പോലെ ആവാൻ കഴിയില്ല… അവളെ ഒഴിവാക്കുകയെ തനിക്ക് നിവർത്തിയുള്ളു… നല്ല ആശുപത്രിയിൽ കൊണ്ട് പോ.. അവര് നോക്കിക്കോളും.. താൻ ചെറുപ്പല്ലേ.. യാഥാർഥ്യത്തെ ഉൾക്കൊണ്ട്‌ മറ്റൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കാൻ നോക്ക്

അവൻ ഒന്നും മിണ്ടിയില്ല….

റൂം.

കണ്ണൻ അവളുടെ അരികിൽ ബെഡിൽ ഇരുന്നു…. അവളെ എഴുന്നെപ്പിച്ചിരുത്തി… എന്നും കൊടുക്കാറുള്ള പോലെ അവൾക്കു ചോറ് വാരി കൊടുത്തു…. അവളുടെ കൈകൊണ്ടു അവനും കഴിച്ചു..

മുഖം തുടച്ചു അവളെ കിടത്തി പറ്റി ചേർന്ന് കിടന്നു പാട്ട് പാടി ഉറക്കുമ്പോഴും അവൻ പറഞ്ഞില്ലെങ്കിലും അവൾക്കറിയാമായിരുന്നു അവസാനമായി കണ്ണടക്കുമ്പോഴും കണ്ണൻ കൂടെയുണ്ടാവുമെന്നു…….

ഗായത്രിയുടെ വായിൽ നിന്നും ചോര ഒഴുകി…. നുരയും പതയും വന്നു…. കാണാൻ ശക്തി ഇല്ലാതെ കണ്ണൻ കണ്ണുകൾ അടച്ചു തന്നെ പിടിച്ചു… വൈകിയില്ല…. കണ്ണന്റെ വായിൽ നിന്നും ചോര പുറത്തേക്കൊഴുകി.

LEAVE A REPLY

Please enter your comment!
Please enter your name here