Home Stories ഒരാണു വീട്ടിലിരുന്നു പോയാൽ.. പിന്നവൻ ശവത്തിന് തുല്യമാണ്… ഞാനും ഇപ്പൊ അതുപോലൊരു ശവമാ…

ഒരാണു വീട്ടിലിരുന്നു പോയാൽ.. പിന്നവൻ ശവത്തിന് തുല്യമാണ്… ഞാനും ഇപ്പൊ അതുപോലൊരു ശവമാ…

1736
0

അനൂപും ശ്രുതിയും

രചന : SP sp

“ഏതാടോ ആ അലവലാതി… കൊറേ നേരമായല്ലോ… തുടങ്ങീട്ട്.. “

ബാർ മാനേജർ കോപത്തോടെ സപ്ലയറോട് ചോദിച്ചു..

“സർ അത് നമ്മുടെ സബ് കളക്ടറുടെ ഭർത്താവാണ്… അനൂപ് ചന്ദ്രൻ..”

ബാർ കൗണ്ടറിൽ ബോധമില്ലാതെ പിച്ചും പേയും പറയുന്ന അനൂപിനെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു..

“താനൊരു കാര്യം ചെയ്.. ഒരു ടാക്സി വിളിച്ച് അയാളെ വീട്ടിൽ കൊണ്ട് വിട്… കലക്sർ എത്ര നല്ല കാര്യം ചെയ്താലും.. ഇതുപോലൊരെണ്ണം വീട്ടിലുണ്ടെങ്കിൽ കഴിഞ്ഞില്ലേ…”

മാനേജർ സഹതാപത്തോടെ പറഞ്ഞു.

“എങ്കിൽ ഞാനയാളെ കൊണ്ടാക്കിയിട്ട് വരാം…”

“ഉം വേഗം ചെല്ല്..”

ഒരുവിധത്തിലാണ് സപ്ലയർ അനൂപിനെ കാറിലേക്ക് കയറ്റിയത്… ഒട്ടും ബോധമില്ലാതെ കിടന്നിരുന്ന അവന്റെ ചുണ്ടുകൾ അവന്റെ ഭാര്യയുടെ പേര് ഉച്ചരിക്കുന്നുണ്ടായിരുന്നു…

ബോധലഹരിയിൽ മറ്റൊരു അന്യപുരുഷന്റെ സഹത്താൽ വീട്ടിലേക്ക് വന്ന ഭർത്താവിനെ കണ്ടപ്പോൾ ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പറായിരുന്നു.. അത് നിലത്ത് വീഴാതിരിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു… മുറിയിലെ സോഫയിലേക്ക് അനൂപിനെ കിടത്തിക്കൊണ്ട് ഒരു വഷളൻ ചിരിയും ചിരിച്ചു മടങ്ങാൻ തുടങ്ങിയ ബാർ സപ്ലയറെ അവൾ തടഞ്ഞു നിർത്തി. ആദ്യം അയാളൊന്ന് ഭയന്നു..

“ഇതാ.. ഇത് വെച്ചോ… ഇനി ഇങ്ങേരെ അവിടെ കണ്ടാൽ ഉടൻ എന്നെ വിവരമറിയിക്കണം…”

പഴ്സിൽ നിന്നും 2000 രൂപയുടെ ഒരു ഒറ്റനോട്ട് എടുത്തു അയാൾക്ക് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു..

“ശരി മാഡം…”

അയാൾ അത് വാങ്ങി പോക്കെറ്റിലിട്ടുകൊണ്ട് ഇരുളിലേക്ക് നടന്നകന്നു..
സോഫയിൽ ബോധമില്ലാതെ കിടന്നുറങ്ങുന്ന അനൂപിന്റെ മുഖത്തേക്ക് അവൾ ഏറെ നേരം നോക്കിയിരുന്നു.. എത്രനേരം അവളവിടെ കിടന്ന് കറഞ്ഞെന്ന് അറിയില്ല… ഒടുവിൽ അവന്റെ കാൽ ചുവട്ടിൽ കണ്ണീരൊലിപ്പിച്ചുകൊണ്ട് എപ്പോഴോ അവളും ഉറക്കത്തിലേക്ക് വഴുതി വീണു…

അന്നത്തെ സൂര്യോദയത്തിന് മുൻദിവസങ്ങളിലേത് പോലുള്ള ഉണർവ് തോന്നിയിരുന്നില്ല… ശ്രുതി ഉറക്കമുണർന്നപ്പോൾ അനൂപ് ചായ തിളപ്പിക്കുന്ന തിരക്കിലായിരുന്നു… ഇന്നലത്തെ സംഭവങ്ങളെ കുറിച്ചുള്ള യാതൊരു വ്യാകുലതകളും അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.. അവൻ വളരെ സന്തോഷവാനായിരിക്കുന്നത് പോലെ അവൾക്ക് തോന്നി..

“അനൂപ്…. എന്താ ഇതൊക്കെ…”

അവൾ ഗൗരവത്തോടെയാണ് അത് ചോദിച്ചത്..

“ഏതൊക്കെ…? “

അവൻ സംശയത്തോടെ ചോദിച്ചു.

“രണ്ട് മൂന്ന് ദിവസമായി… അനൂപ് കുടിച്ചിട്ടാണ് വരുന്നത്… ഇന്നലെ ആരാണ് കൊണ്ട് വിട്ടതെന്ന് വല്ല ബോധവും ഉണ്ടോ…? “
അവളുടെ ശബ്ദത്തിന്റെ കാഠിന്യം കൂടിയിരുന്നു…

“സോറി… ശ്രുതി… ശരിയാണ് ഇന്നലെ അല്പം കൂടി പോയി… സോറി…
രാവിലേ തന്നെ പിണങ്ങല്ലേ… ഇന്നാ ഈ ചായ കുടിച്ചേ…. “

അവനല്പം പ്രണയഭാവത്തോടെ ഗ്ലാസ്സിലേക്ക് പകർത്തിയ ചായ അവൾക്ക് നേരെ നീട്ടി…

“അനൂപ് എന്റെ അവസ്ഥ എന്താ മനസ്സിലാക്കാത്തത്… ഞാനൊരു കലക്ടറാണ്… മാതൃകയാക്കേണ്ട എന്റെ ഫാമിലിയിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് പബ്ലിക് അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുക്കൾ അനൂപ് എന്താ മനസ്സിലാക്കാത്തത്…”

അവളുടെ നിസ്സഹായത അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു..

“ഞാൻ സോറി പറഞ്ഞില്ലേ… പിന്നെന്താ..”

അവൻ അവളുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് പറഞ്ഞു..

“എല്ലാം ചെയ്തിട്ട് സോറി പറഞ്ഞാൽ മതിയല്ലോ…അല്ല ഇങ്ങനെ കുടിക്കാൻ മാത്രം എന്ത് പ്രശ്ന അനൂപിനുള്ളെ…”

ചെറു പുഞ്ചിരിയോടെയാണെങ്കിലും ഗൗരവത്തോടെയാണ് അവളത് ചോദിച്ചത്..

“എനിക്കൊരു പ്രശ്നവുമില്ല… അയ്യോ തനിക്ക് ഓഫീസിൽ പോകാൻ സമയമായി… പോയെ പോയി വേഗം റെഡിയാക്… അപ്പോഴേക്കും ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാം..”

അവനവളെ ഉന്തി തള്ളി ബെഡ്റൂമിലേക്ക് കൊണ്ടുപോയി..

“എങ്കിൽ സത്യം ചെയ് ഇനി മേൽ കുടിക്കല്ലെന്ന്…”

ബാത്റൂമിന്റെ വാതിലടയ്ക്കുന്നതിന് മുൻപ് അവൾ ഉള്ളം കൈ അവനു നേരെ നീട്ടി കൊണ്ട് പറഞ്ഞു…

അത് കേട്ടതും അവന്റെ മുഖം നിരാശയോടെ താണൂ..

” ഒരെണ്ണം…”

അവനൊന്ന് കണ്ണിറുക്കികൊണ്ട് അവളോട് കെഞ്ചി..

“ഇല്ല… വേണേൽ ആഴ്ചയിൽ ഓരോന്ന് ആയിക്കോ… അതും പുറത്തുപോയുള്ള കുടി വേണ്ട.. ഇവിടെ വീട്ടിലിരുന്നു കുടിച്ചാൽ മതി..”

അവളുടെ നിബന്ധന അവൻ അല്പം സങ്കടത്തോടെ ആണെങ്കിലും ശരി വെച്ചു..
കുളി കഴിഞ്ഞെത്തിയ അവൾക്ക് മുന്നിൽ പ്രഭാത ഭക്ഷണം നിറപുഞ്ചിരിയോടെ അവൻ വിളമ്പി കൊടുത്തു..

“ശ്രുതി… ഇന്ന് ഞാൻ വാങ്ങിയ ആ വൈലറ്റ് സാരി ഉടുത്താൽ മതി… ഞാൻ ബെഡിൽ അയൺ ചെയ്ത് വെച്ചിട്ടുണ്ട്.. നീ കഴിക്ക് അപ്പോഴേക്കും ഞാൻ കുളിച്ചിട്ട് വരാം…”

അവൻ ബെഡ്‌റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു..

ഇന്നലെ ബോധമില്ലാതെ കിടന്ന തന്റെ ഭർത്താവ് തന്നെയാണോ ഇതെന്ന് അവൾ ഓർത്തു പോയി.. എങ്കിലും പെട്ടെന്ന് തുടങ്ങിയ അനൂപിന്റെ മദ്യപാനം അവളിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കി കൊണ്ടിരുന്നു..

ഓഫീസിലേക്ക് പോകുമ്പോഴും അവളുടെ ചിന്ത അത് തന്നെയായിരുന്നു… അനൂപിലെന്തോ മാറ്റങ്ങൾ വന്നത് പോലെ അവൾക്ക് തോന്നി.അവൻ അവളിൽ നിന്നും എന്തോ മറയ്ക്കുന്നത് പോലെ അവൾക്ക് തോന്നി.. അവൾ മെല്ലെ അവരുടെ പ്രണയകാലത്തിലേക്ക് സഞ്ചരിച്ചു..

8 വർഷങ്ങൾക്ക് മുൻപുള്ള ഒരു സായാഹ്നം.. .

“ഹായ്‌ ശ്രുതി… എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട്..”

മെലിഞ്ഞു ഇരുനിറമുള്ള ഒരു പയ്യൻ മീശമുളയ്ക്കാത്ത ചുണ്ടുകൾ വിടർത്തി പുഞ്ചിരിച്ചു കൊണ്ട് അവളെ വിളിച്ചു..
ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി, അന്നാണ് അവൾ ആദ്യമായി അനൂപിനെ കാണുന്നത്.

“എന്റെ പേര് അനൂപ്… ഞാൻ +2 കോമേഴ്‌സ്. തന്റെ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിലാ…. പിന്നെ എനിക്ക് തന്നെ ഇഷ്ടമാണ്.. ഇപ്പോ മറുപടി ഒന്നും പറയണ്ട… സമയമെടുത്ത് ആലോചിച്ചു എന്നെ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ മതി… “

അവൾ എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുൻപേ ഒരു റബ്ബർ പന്തുപോലെ തുള്ളിച്ചാടി അവൻ നടന്നകന്നിരുന്നു.. പിന്നെയും പലയിടങ്ങളിൽ വെച്ച് അവളവനെ കണ്ടു. എപ്പോഴും നിഷ്കളങ്കമായ ചിരിയും സമ്മാനിച്ച് വഴിയരികിൽ തന്നെയും കാത്തു നിൽക്കുന്ന അവനെ അവളും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു… നാളുകൾക്കു ശേഷം +2 പരീക്ഷയുടെ അവസാന ദിവസം ഒരിക്കൽ കൂടി അവനവളുടെ മുന്നിൽ പ്രണയാഭ്യർഥനയുമായി നിന്നു..

“ശ്രുതി… ചിലപ്പോൾ ഒരു പതിനേഴുക്കാരന്റെ നേരമ്പോക്കാണെന്ന് തനിക്ക് തോന്നാം… പക്ഷെ ഞാൻ കാര്യായിട്ട് പറയാ… എന്റെ ലൈഫിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് താനാ.. എന്റെ അച്ഛൻ സാധാരണ ഒരു കൂലി പണിക്കാരനാ.. ചെറുപ്പം മുതലേ അതിന്റെ കഷ്ടപാടൊക്കെ അറിഞ്ഞു തന്നാ ഞാൻ വളർന്നത്.. ഇത് വരെ ഞാനൊന്നിന് വേണ്ടിയും വാശി പിടിച്ചിട്ടില്ല.. താനൊഴിച്ച്… ഇഷ്ടമല്ലെന്ന് മാത്രം പറയരുത്… “

എപ്പോഴും ചിരിച്ചു കണ്ടിരുന്ന അവന്റെ മുഖത്ത് അവളോടുള്ള സ്നേഹത്തിന്റെ തീവ്രത നിറഞ്ഞു നിന്നിരുന്നു.. അതിനെ നിരസിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. പിന്നീടവർ പ്രണയിച്ചു.. നീണ്ട 6 വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തിന് കാത്തു നിൽക്കാതെ അവർ വിവാഹിതരായി.. ജീവിതത്തെ ശപിച്ചവരുടെ മുന്നിൽ ജയിച്ചു കാണിക്കാനുള്ള വാശിയായിരുന്നു ഇരുവരുടെയും ഉള്ളിൽ.. അവർ പ്രയത്നിച്ചു ഒടുവിൽ ശ്രുതി അനൂപ് ഐ.എ.എസ് ബിരുദം നേടി… പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നു.. ഇടയിലിതാ അനൂപിന്റെ സ്വഭാവത്തിലെ മാറ്റം അവളെ അസ്വസ്ഥയാക്കി കൊണ്ടിരുന്നു..

“ഹലോ… ശ്രുതി.. “

വിവേകിന്റെ സ്വരം കേട്ടാണ് അവൾ ഓർമ്മയിൽ നിന്നും ഉണർന്നത്.. വിവേക് കുമാർ ഐപിഎസ്.. ശ്രുതിയുടെ ക്ലാസ്മേറ്റും ഇപ്പോഴിതാ സഹപ്രവർത്തകനുമാണ് വിവേക്..

“എന്താടോ.. പകൽ കിനാവ് കാണുവാണോ.. “

വിവേക് ഹാസ്യരൂപേണ പറഞ്ഞു..

“ഏയ്.. ഞാൻ ചുമ്മാ… ഓരോന്ന്..”

കണ്ണിൽ നിന്നു വാർന്ന കണ്ണീരൊപ്പികൊണ്ട് അവൾ മറുപടി പറഞ്ഞു..

“എന്താടോ… എന്താ പ്രശ്നം.. “

ശ്രുതിയുടെ മുഖഭാവം മാറുന്നത് വിവേക് തിരിച്ചറിഞ്ഞു..

“ഒന്നുല്ലടോ… “

“ഏയ്… ഒന്നുമില്ലാതെയാണോ തന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്.. “

വിവേക് ഒരുപാട് നിർബന്ധിച്ചപ്പോൾ അനൂപിന്റെ മാറ്റത്തെ കുറിച്ച് അവൾ പറഞ്ഞു..

“ഹാ.. ഇതാണോ.. പ്രശ്നം.. ടോ അല്ലേലും
ഭാര്യയെ പണിക്ക് വിട്ട് വീട്ടിൽ ചുമ്മായിരിക്കുന്ന ആണുങ്ങളൊക്കെ ഇങ്ങനെ തന്നെയാ… “

“ഏയ്… അനൂപ് അങ്ങനൊന്നും ചിന്തിക്കില്ല…”

അവൾ വിവേകിന്റെ വാക്കുകൾ തിരുത്തി

“താൻ വിഷമിക്കാതിരിക്ക്.. ഞാൻ അനൂപിനോടൊന്ന് സംസാരിക്കട്ടെ.. കഴിയുമെങ്കിൽ ഇന്ന് തന്നെ..”

വിവേക് പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും നടന്നകന്നു..

സായാഹ്നത്തിൽ കടൽക്കാഴ്ചകളിൽ മുഴികിയിരിക്കുകയായിരുന്നു അനൂപ്, അവന്റെ ഉള്ളിൽ രാവിലത്തെ സന്തോഷം ഇല്ലായിരുന്നു.. ദുഃഖം നിറഞ്ഞു നിന്നിരുന്ന മുഖം ചെമ്മാനത്തേക്കാൾ തുടുത്തു നിന്നിരുന്നു…

“ഗുഡ് ഈവെനിംഗ്… അനൂപ്..”

വിളികേട്ട് അനൂപ് തിരിഞ്ഞു നോക്കി…

“ഹാ… വിവേക്… കുറേ ആയല്ലോ കണ്ടിട്ട്..”

ഇരുവരും ഹസ്തദാനം നൽകി കസേരയിലേക്കിരുന്നു..

“പിന്നെ എന്തൊക്കെയുണ്ട്.. വിശേഷം…”

അനൂപ് മുഖത്ത് പുഞ്ചിരി വിടർത്തികൊണ്ട് ചോദിച്ചു…

“സുഖം.. അവിടയോ..”

“സുഖം..”

“താൻ വെള്ളമടി തൊടങ്ങീന്ന് ശ്രുതി പറഞ്ഞു…എന്ത് പറ്റി തനിക്ക്..”

വിവേകിന്റെ വാക്കുകൾ കേട്ടതും അനൂപിന്റെ മുഖം കറുത്തു.. അവൻ മൗനമായി നിലത്തേക്ക് നോക്കിയിരുന്നു..

“എന്താടോ തന്റെ..പ്രശ്നം.. എന്തുണ്ടെങ്കിലും എന്നോട് പറ.. നമുക്ക് പരിഹരിക്കാം…”

വിവേകിന്റെ സഹായ ഹസ്തം അനൂപിന്റെ തോളത്തേക്ക് പതിഞ്ഞു.. അവൻ വിവേകിനെ കടുപ്പിച്ചൊന്ന് നോക്കി..

“പറയടോ… “

“ദേ വിവേകേ.. താൻ ഒരു ഐ പി എസ് കാരനായിരിക്കാം എന്ന് കരുതി എന്റെ ഫാമിലി കാര്യങ്ങളിൽ ഇടപെടണ്ട.. ചിലപ്പോ ഞാൻ തന്നെ തല്ലി പോകും..”

ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയായതിനാൽ വിവേക് ഒന്ന് ഞെട്ടി.. നടന്നകലുന്ന അനൂപിനെ അല്പം ഭയത്തോടെ നോക്കി നിന്നു..

അന്ന് വൈകിട്ടും അനൂപ് കുടിച്ചിട്ടാണ് വീട്ടിലേക്ക് കയറിച്ചെന്നത്..

“അനൂപേ… ഒന്ന് നിന്നേ…”

ശ്രുതിയുടെ വാക്കുകൾ അവനെ പിടിച്ചു നിർത്തി..

“രാവിലേ പറഞ്ഞതൊക്കെ മറന്നോ… അനൂപെന്തിനാ വിവേകിനോട് അങ്ങനെ പെരുമാറിയത്.. അനൂപെന്താ എന്നിൽ നിന്നും ഒളിക്കുന്നത്..”

മറുപടി മൗനമായതിനാൽ അവൾ പൊട്ടിത്തെറിച്ചു… കയ്യിൽ കിട്ടിയ ചില്ലുപാത്രങ്ങൾ അവൾ ഓരോന്നായി നിലത്തെറിഞ്ഞുടച്ചുകൊണ്ടിരിന്നു..ഒരു പാത്രം അനൂപിന്റെ കാൽ ചുവട്ടിലേക്ക് പൊട്ടാതെ തെറിച്ചു വീണു.. അത് അവൻ മെല്ലെ എടുത്ത് അവളുടെ കയ്യിലേക്ക് തന്നെ കൊടുത്തു.. എന്നിട്ട് ഉടച്ചോളാൻ ആഗ്യം കാണിച്ചു… അത് കണ്ടതും അവളിലേക്ക് ദേഷ്യം അരിച്ചു കയറി..

“അനൂപ് എന്റെ ക്ഷമ പരീക്ഷിക്കരുത്…”

“ശ്രുതി.. എന്താ നിന്റെ പ്രശ്നം… ഞാൻ അവനോട് അങ്ങനെ പെരുമാറിയതോ… അതോ കുടിച്ചതോ..”

അവൻ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..

“രണ്ടും… നിങ്ങളെന്താ എന്നിൽ നിന്നും ഒളിക്കുന്നെ..”

അതിനു മറുപടിയായി അവനൊന്നു ചിരിച്ചു ശേഷം തുടർന്നു..

“ശ്രുതി… എന്നെ മനസ്സിലാക്കാൻ മറ്റൊരാളുടെ സഹായം തേടിയപ്പോഴേ എനിക്ക് മനസ്സിലായി നീ എന്നിൽ നിന്നും ഒരുപാട് അകന്നിരിക്കുന്നു എന്ന്. “

അവന്റെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അവൾ കേട്ട് നിന്നത്..

“എന്റെ വിഷമങ്ങൾ നിനക്കും നിന്റെ വിഷമങ്ങൾ എനിക്കും മനസിലാകുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്.. പക്ഷെ ഞാൻ ഇപ്പോഴും നിന്നേ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്.”

“അപ്പോ.. ഞാൻ നിങ്ങളെ പ്രണയിക്കുന്നില്ലന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്..”

അവൾ കലിയോടെ പറഞ്ഞു..

“ഉണ്ട്… പക്ഷെ.. അത് എന്റെ മനസ്സിനെയാണോ എന്ന് എനിക്കറിയില്ല…”

“നിങ്ങളെന്താണ് പറഞ്ഞു വരുന്നത്…”

അവൾ നെറ്റി ചുളിച്ചു..

“എന്റെ ഹാർബറിലെ ജോലി എങ്ങനയാ പോയത്…? “

അനൂപിന്റെ ആ ഒരൊറ്റ ചോദ്യത്തിൽ അവൾ നിശബ്ദയായി..

“എന്താ… എന്താ നീയൊന്നും മിണ്ടാത്തെ…”

അവൻ നിറകണ്ണുകളോടെ ചോദിച്ചു..

“കളക്ടറുടെ ഭീഷിണിക്ക് വഴങ്ങി അവരെന്നെ പിരിച്ചു വിട്ടു…
കാരണം… ഭർത്താവ് ഹാർബറിൽ ജോലി ചെയ്യുന്നത് ഐ എ എസ് ക്കാരി ഭാര്യക്ക് നാണക്കേട്… അല്ലെ…”

കണ്ണ് തുടച്ചുകൊണ്ട് അവൻ പറഞ്ഞു..

“അതിനു ഇപ്പൊ എന്താ… എന്റെ വരുമാനം പോരെ നമുക്ക് കഴിയാൻ..”

ഉരുളയ്ക്കുപ്പേരി പോലെ അവൾ പറഞ്ഞു നിർത്തി.. അത് കേട്ട് അവന് ചിരിക്കാനാണ് തോന്നിയത്..

“നീ പറഞ്ഞ ഈ വാക്ക് രണ്ടു വർഷങ്ങൾക്കു മുൻപ് ഞാൻ പറഞ്ഞിരുന്നെങ്കിൽ..”

അവൻ ചിരിച്ചു..

“ഞാൻ അവിടെ ജോലി ചെയ്ത കാശുകൊണ്ടാ നീ പഠിച്ചു ഐ എ എസ് ആയത്.. എന്നിട്ട് എന്നെ അവിടുന്ന് പുറത്താക്കിച്ചു..”

“എന്താ നിങ്ങൾ കണക്ക് പറയുവാണോ…? “

അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തിരുന്നു..

“അല്ല ശ്രുതി… ഞാൻ ഓർമ്മിപ്പിച്ചതാ.. നമ്മൾ വന്ന വഴി…”

“അപ്പൊ ഇതാണോ നിങ്ങളുടെ പ്രശ്നം…”

“എനിക്കെന്ത് പ്രശ്നം… പ്രശ്നം നിനക്കല്ലേ… ഞാൻ ഒരിക്കലും നിന്റെ സ്റ്റാറ്റസിൽ കുറഞ്ഞ ജോലിക്ക് പൊയ്ക്കൂട എന്നുള്ളത്.. ഇല്ല ഞാനെങ്ങോട്ടും പോണില്ല
ഞാനിവിടെ നിന്റെ കാര്യങ്ങളും നോക്കി നിന്നോളാം.. അതല്ലേ… അതിലും നല്ലത്…”

ശ്രുതി മൗനമായി എല്ലാം കേട്ടുകൊണ്ടിരുന്നു…

“കളിയാക്കുവാടി.. എന്നെ… എല്ലാരും… നീയടക്കം… ഈ വീട്ടിൽ ഒറ്റക്കിരിക്കുമ്പോ എനിക്ക് തന്നെ തോന്നി പോകുവാ ഞാനൊരു കോമാളിയാണെന്ന്…ഒരു പെണ്ണ് വീട്ടിലിരുന്നാൽ ആരും ഒന്നും ചോദിക്കില്ല… പക്ഷെ ഒരാണു വീട്ടിലിരുന്നു പോയാൽ.. പിന്നവൻ ശവത്തിന് തുല്യമാണ്… ഞാനും ഇപ്പൊ അതുപോലൊരു ശവമാ… “

കണ്ണീരോടെ അവൻ നടന്നകന്നു.
മറുപടി പറയാനാവാതെ അവൾ നിശ്ചലമായി നിന്നു… അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു..

പിറ്റേന്ന് അവൾ അതിരാവിലെ തന്നെ ഉണർന്നു.. ചായയുമായി അനൂപിന്റെ അടുത്തേക്ക് നടന്നു..

“ദേ.. ഒന്നെണീക്ക്.. “

അവൾ അവനെ തട്ടിവിളിച്ചു… പതിവില്ലാത്ത കാഴച്ചയായത് കൊണ്ടാവാം അവനൊന്നു ഞെട്ടി..

“ഞാൻ ജോലി രാജി വെക്കാൻ പോവാ…
എനിക്ക് പഴയ ശ്രുതി ആയാൽ മതി..”

അവൾ അവന്റെ തോളിൽ ചാരികൊണ്ട് പറഞ്ഞു..

“അതിനെന്തിനാ താൻ ജോലി രാജി വെക്കണേ..
ഡോ… ഞാൻ താൻ വിഷമിക്കാൻ പറഞ്ഞതല്ല… ഞാൻ ജോലിക്ക് പോകും, താൻ കളക്ടർ ഓഫീസിലേക്കും.. എനിക്ക് കിട്ടുന്ന ശബളം ചിലപ്പോൾ തന്നെക്കാളും കുറവായിരിക്കും… എന്നാലും ആ കാശിനു തനിക്കൊരു സാരിയും… ഒരു നേരത്തെ ഫുഡും വാങ്ങി തരുമ്പോ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ അതൊന്ന് വേറെയാ… “

അത് പറഞ്ഞു തീർന്നതും ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. അവളവനെ വാരി പുണർന്നുകൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു…

ശുഭം…

Sp

LEAVE A REPLY

Please enter your comment!
Please enter your name here