Home Stories ഈ വെള്ള സാരി ഉടുപ്പിച്ച് വീട്ടില് ഒതുങ്ങി കൂടാൻ എന്റെ ചേച്ചിയെ ഞാൻ വിടില്ല…

ഈ വെള്ള സാരി ഉടുപ്പിച്ച് വീട്ടില് ഒതുങ്ങി കൂടാൻ എന്റെ ചേച്ചിയെ ഞാൻ വിടില്ല…

1864
0

രചന : Murali Ramachandran

“മോളേ… ഇവിടെ സാരി വെച്ചിട്ടുണ്ട്, അതെടുത്തുടുക്ക്…”
വളരെ വിഷമത്തോടെയാണേലും അമ്മയെന്നോടത് പറഞ്ഞിട്ട് മനസില്ലാമനസോടെ മുറിയിൽ നിന്നും ഇറങ്ങി പോയി. അതുവരെ ഏതോ ഓർമകളിൽ മുഴുകിയ ഞാൻ പെട്ടെന്ന് അതിൽ നിന്നെല്ലാം പടിയിറങ്ങി വന്നു. അമ്മ എനിക്ക് അരികിൽ ഒരു പൊതി വെച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ അത് പതിയെ തുറന്നു. അതെ, സാരി തന്നെ… വർണങ്ങളോ, പൂക്കളോ ഇല്ലാത്ത സാരി. ഒരേ ഒരു നിറം, അത് വെളുപ്പായിരുന്നു. ഞാൻ അതിനെ കൈയിലെടുത്ത് നോക്കി. ആ വെളുപ്പ് എന്റെ ഉള്ളിലുള്ള വിഷമത്തെ പുറത്തേക്ക് കൊണ്ടുവന്നു. എനിക്ക് അതിനെ പിടിച്ചു നിർത്താൻ ആയില്ല. ആ സാരിയെ എന്റെ മുഖത്തോട് ഞാൻ ചേർത്ത് വെച്ച് കരഞ്ഞു. ഏറെ നേരം ഞാൻ കരഞ്ഞു. എന്റെ കണ്ണീരിനാൽ ആ വെളുത്ത സാരിയാകെ നനഞ്ഞു. എനിക്ക് കരയാനെ ഇനി നിർവാഹമുള്ളൂ. അതും ഈ മുറിക്കുള്ളിൽ ഇരുന്ന് ഒതുങ്ങിക്കൂടി കരയാൻ മാത്രം.

ഇപ്പോൾ എന്റെ ശരീരം ചുവന്ന പുടവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. അത് അഴിച്ചുമാറ്റാൻ നേരമായിരിക്കുന്നു. ഈ ചുവപ്പാണ് തെറ്റ്. ഞാൻ ചുവന്നതാണ് തെറ്റ്. ഞാൻ ചുവക്കാരുതായിരുന്നു ഒരിക്കലും. പെണ്ണായാൽ ചുവക്കണം, ചമയണം, ചുമക്കണം, ഒടുവിൽ ചാവണം… ഞാനും ചുവന്നു ഒരിക്കൽ… അത് പ്രായത്തിന്റെ ചുവപ്പായിരുന്നു. അത് ആനന്ദത്തിന്റെ ചുവപ്പായി കണ്ടു പലർക്കും. എന്നാൽ, എനിക്കത് ദുഃഖത്തിന്റെയും. ഓരോ മാസങ്ങൾ തോറുമുള്ള ചുവപ്പ്. ആ ചുവപ്പെന്നെ വേട്ടയാടി. ബാല്യം കഴിഞ്ഞതും വേട്ടയാടി. ആ ചുവന്ന വേട്ടയ്ക്ക് ഇപ്പോൾ പാതി അറുതി വന്നു. ഇന്ന് ചുവപ്പ് എനിക്ക് അന്യമാകുന്നു. എന്നിൽ നിന്നും അകന്ന് പോകുന്നു.

എനിക്ക് ചുവപ്പിനെ ഇഷ്ടമായിരുന്നു. ഞാൻ ആ ചുവപ്പിനെ സ്നേഹിച്ചു, അതിയായി സ്നേഹിച്ചു. ഞാനും ചുവപ്പിനെ തേടി നടന്നു, ഒരുപാട് നടന്നു… ബാല്യത്തിലെ മഞ്ഞാടിയുടെ ചുവപ്പിനെ… കൗമാരത്തിലെ പ്രണയത്തിന്റെ ചുവപ്പിനെ… യൗവനത്തിലെ കുങ്കുമത്തിന്റെ ചുവപ്പിനെ… ചുവപ്പ് അതിമനോഹരമായിരുന്നു എന്റെ കാഴ്ചയ്ക്ക്. ചുവപ്പ് എന്റെ ജീവിതത്തിൽ ഉടനീളെ പടർന്നു. എന്നാൽ, അതിൽ ഒര് ദുഃഖം ഉണ്ട്. ആ ചുവപ്പ് നമുക്ക് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന മനസിന്റെ തീരാദുഃഖം. അത് അനുഭവിച്ചവർക്കെ അറിയൂ. ഇന്നത് എനിക്ക് നഷ്ടമാകുന്നു. ഞാൻ ഉടുത്ത ചുവന്ന പുടവ അഴിച്ചുമാറ്റാൻ സമയമായിരിക്കുന്നു. എന്നാൽ എന്റെ ഉള്ളിലുള്ള ചുവപ്പ് മായുന്നില്ല ഒരിക്കലും. അതിനെ ആർക്കും മായ്ക്കാൻ ആവില്ല ഒരിക്കലും. അതെന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ചുവപ്പാണ്. എന്റെ പ്രാണന്റെ ഉള്ളിലുള്ള ചുവപ്പ്.

പറമ്പിൽ എരിഞ്ഞിരുന്ന ഏട്ടന്റെ ചിതയിപ്പോൾ കെട്ടടങ്ങി മണ്ണോട് മണ്ണായി മാറി. ഏട്ടനുമായുള്ള എന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതെ ഉള്ളു. രാത്രിയിലെ ഉറക്കമില്ലാത്ത യാത്ര എന്റെ ഏട്ടനെ എന്നിൽ നിന്നും എന്നന്നെക്കുമായി അകറ്റി.
ആ വലിയ ദുരന്തം എന്റെ മനസ്സിൽ കനൽ പോലെ എരിയുന്നു. ആഗ്രഹങ്ങളും, ആശകളും ഒരുപാട് നെയ്തുകൂട്ടിയ എന്റെ ജീവിതം പാതിവഴിയിലായി ഇപ്പോൾ. എനിക്കിനി എന്ത് ചെയ്യാനാകും..?

പെട്ടെന്ന് പുറത്തുനിന്നും എന്തോ ശബ്ദം കേട്ടു. എന്റെ മുറിയിലേക്ക് കണ്ണൻ വേഗത്തിൽ വന്നു പറഞ്ഞു.

“ചേച്ചി ഈ വെള്ള സാരി ഉടുക്കണ്ട… ഞാനാ പറയുന്നത്. ചേച്ചിയ്ക്കു അതിന് മാത്രം പ്രായമൊന്നും ആയിട്ടില്ല. ഇവരൊന്നും പറയുന്നപോലെയല്ല… എന്റെ ചേച്ചിയെ ആരുടെയും മുന്നിൽ കോലം കെട്ടിയ്ക്കാൻ ഞാൻ വിടില്ല… “

അവനത് കരഞ്ഞുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞപ്പോൾ അമ്മയും മുറിയിലേക്ക് കടന്നു വന്നു. ഉടനെ കണ്ണൻ എന്റെ കൈയിലെ വെള്ള സാരി പിടിച്ചു വാങ്ങിച്ചു. അമ്മ അവനോട് ദേഷ്യത്തിൽ ചോദിച്ചു.

“നീയെന്താ കണ്ണാ ഈ കാണിയ്ക്കുന്നത്..?”

“അമ്മ ഒന്നും പറയണ്ട… എനിക്ക് അറിയാം എല്ലാം. ഈ വെള്ള സാരി ഉടുപ്പിച്ച് വീട്ടില് ഒതുങ്ങി കൂടാൻ എന്റെ ചേച്ചിയെ ഞാൻ വിടില്ല. അവൾക്കധികം പ്രായം ആയിട്ടില്ല. ഇനിയും കെട്ടാം… ഞാൻ കെട്ടിക്കും എന്റെ ചേച്ചിയെ… “

ദേഷ്യത്തോടെ അവനത് പറഞ്ഞേച്ചും ആ വെളുത്ത സാരിയുമായി മുറിയിൽ നിന്നും ഇറങ്ങി പോയി. അമ്മ കരഞ്ഞുകൊണ്ട് എന്നെ നോക്കി. ഒന്നും അമ്മക്ക് അവനോട് മറുത്ത്‌ പറയാൻ ഉണ്ടായിരുന്നില്ല. ഞാനും നിസ്സഹായയായി ആ കട്ടിലിൽ തന്നെ ഇരുന്നു. ഇനിയും എനിക്ക് ചുവക്കാൻ കഴിയുമോ എന്നറിയില്ല. എന്നാൽ, എന്റെ കണ്ണൻ ഇപ്പോൾ എനിക്കൊരു വാക്ക് തന്നിട്ടുണ്ട്. അവനെ ഞാൻ വിശ്വസിക്കുന്നു. അവനെന്നെ ചുവപ്പിയ്ക്കും. ഇനിയും ഞാൻ ചുവക്കുമെന്ന വിശ്വാസം എന്റെ മനസ്സിലേക്ക് അവൻ പകർന്നു തന്നു. ഈ മുറിയിൽ ഞാൻ ചടഞ്ഞു കൂടുവാനുള്ളതല്ല, ആത്മവിശ്വാസത്തോടെ പ്രവൃത്തിയ്ക്കാനുള്ളതാണ്. ഇനിയുമൊരു ജീവിതം എനിക്കുണ്ടാകും. അത് ആ ചുവപ്പ് കലർന്നതും, ചമയങ്ങളോട് കൂടിയതുമാകും. ഞാൻ ഉടുത്തിരിക്കുന്ന ഈ ചുവപ്പ് അഴിക്കാനുള്ളതല്ല.. എന്നിലേക്ക് പടരാനുള്ളതാണ്…!

# മുരളി.ആർ.

LEAVE A REPLY

Please enter your comment!
Please enter your name here